ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയ സംഭവം അറിയില്ല: സാദിഖലി തങ്ങള്‍

കോഴിക്കോട്: പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയെന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് സാദിഖലി തങ്ങള്‍. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോടുള്ള സാദിഖലി തങ്ങളുടെ പ്രതികരണം.

ഭിന്ന ശേഷി സംവരണം മൂലം ന്യൂന പക്ഷങ്ങളുടെ സംവരണാനുകൂല്യം കവരുന്ന അവസ്ഥയുണ്ടാകരുത്. ഇതിനെതിരെ ലീഗ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതിനിടെ, ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടയിലാണ് സമ്മേളനം. ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ കാമ്പസില്‍ ലഘുലേഖ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

Top