സൈനികരുടെ ത്യാഗം ഒരിക്കലും മറക്കാനാകില്ല; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സൈനികരുടെ ത്യാഗം ഒരിക്കലും മറക്കാനാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘മണിപ്പുരില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. എന്റെ മനസ്സ് ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആക്രമണത്തെ അപലപിച്ചു. സൈനികരുടെ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നു മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു. ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രദേശത്തു തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും നീതി ലഭ്യമാക്കുമെന്നും മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. സംസ്ഥാന സേനയും അര്‍ധസൈനിക വിഭാഗവും ഭീകരരെ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Top