വെള്ളം നിറഞ്ഞുകിടക്കുന്ന പിച്ചില്‍ നനഞ്ഞ പന്ത് എങ്ങനെ നേരിടാം; വൈറലായി സച്ചിന്റെ വീഡിയോ

മുംബൈ: സമൂഹമാധ്യമങ്ങളില്‍ വൈറലായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പങ്കുവെച്ച വീഡിയോ. വെള്ളം നിറഞ്ഞുകിടക്കുന്ന ക്രിക്കറ്റ് പിച്ചില്‍ നനഞ്ഞ പന്ത് എങ്ങനെ നേരിടണമെന്ന വീഡിയോയാണ് സച്ചിന്‍ പങ്കുവെച്ചത്.

‘ഈ കളിയോടുള്ള സ്നേഹവും അഭിനിവേശവും എല്ലായ്‌പ്പോഴും പരിശീലനത്തിനുള്ള പുതിയ വഴികള്‍ കണ്ടെത്താനും എല്ലാറ്റിനുമുപരിയായി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കാനും സഹായിക്കുന്നു’ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം പരിശീലന വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും വേഗവും സ്വിങ്ങും കൂടിയ പിച്ചുകളില്‍ കളിക്കാനുള്ള പരിശീലനത്തിനായാണ് ബാറ്റ്സ്മാന്‍മാര്‍ ഇത്തരത്തില്‍ വ്യത്യസ്ത പരിശീലനം നടത്താറുള്ളത്. 2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഈ കളിയോടുള്ള തന്റെ പ്രേമം തെല്ലും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു സച്ചിന്റെ ഈ വീഡിയോ.

Top