ഇരട്ടപ്പദവി വഹിക്കുന്നതിന്റെ പേരില്‍ സച്ചിനും ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്സ്മാന്റെ നോട്ടീസ്

ന്യൂഡല്‍ഹി: സച്ചിനും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്സ്മാന്റെ നോട്ടീസ്. ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഇരട്ട പദവി വഹിക്കുന്നതിന്റെ പേരിലാണ് ഇരുവര്‍ക്കും ഓംബുഡ്സ്മാന്‍ ഡി കെ ജെയിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28 നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ബിസിസിഐയോടും വിശദീകരണം തേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ഉപദേശകനാണ് സച്ചിന്‍. ലക്ഷ്മണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും. നേരത്തേ സൗരവ് ഗാംഗുലിക്കും സമാന കേസില്‍ ഓംബുഡ്സ്മാന്‍ നോട്ടീസ് അയച്ചിരുന്നു. 2017 ലാണ് ഇവര്‍ മൂവരും അംഗങ്ങളായ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചത്.

സച്ചില്‍ പണം വാങ്ങാതെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായിരിക്കുന്നതെന്നും ക്രിക്കറ്റ് ഉപദേശക സമിതിയും സച്ചിന്റെ സേവനങ്ങള്‍ക്ക് ഇതുവരെയും പ്രതിഫലം നല്‍കിയിട്ടില്ലെന്നും ബിസിസിഐ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരട്ടപ്പദവിയെ കുറിച്ച് ഓംബുഡ്സ്മാന് പരാതി നല്‍കിയത്.

Top