ആഘോഷങ്ങളില്ലാതെ പിറന്നാള്‍; ബാറ്റിംഗ് ഇതിഹാസത്തിന് ഇത് 47 ാം പിറന്നാള്‍

മുംബൈ: കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ തന്റെ പിറന്നാള്‍ ആഘോഷം മാറ്റിവച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്റെ 47-ാം ജന്‍മദിനം വരുന്ന വെള്ളിയാഴ്ചയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തവണ പിറന്നാളിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

കൊവിഡ് വൈറസ് രോഗബാധക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനായാണ് പിറന്നാളാഘോഷം ഒഴിവാക്കുന്നതെന്ന് സച്ചിന്‍ അറിയിച്ചു. ഇത് ആഘോഷത്തിന്റെ സമയമല്ലെന്ന് സച്ചിന്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, പൊലീസുകാര്‍, സൈനികര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കാനുളള ഏറ്റവും വലിയ അവസരമായാണ് സച്ചിന്‍ ഇതിനെ കാണുന്നതെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കൊവിഡ് ബാധിതരെ സഹായിക്കാനായി സച്ചിന്‍ പ്രധാനമന്ത്രിയുടെ പി എം കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 25 ലക്ഷം രൂപ വീതം സംഭാവന നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ 5000 പേര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനും സച്ചിന്‍ മുന്നോട്ടുവന്നിരുന്നു.

സച്ചിന്റെ 47-ാം പിറന്നാള്‍ ആഘോഷമാക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ആരാധക കൂട്ടായ്മകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരാധകര്‍ സജീവമാക്കിയിരുന്നു. ഇതിനിടെയാണ് ഇത്തവണ ആഘോഷങ്ങളില്ലാത്ത പിറന്നാളായിരിക്കുമെന്ന് സച്ചിന്‍ അറിയിച്ചത്.

Top