ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: ലോസ് ആഞ്ജലിസില്‍ നടക്കുന്ന 2028 ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങള്‍. ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.ക്രിക്കറ്റിന്റെ പുതുയുഗമാണിത്. വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്ന് പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണിതെന്നും സച്ചിന്‍ എക്സില്‍ കുറിച്ചു.

പുതുതായി ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ലോസ് ആഞ്ജലിസ് ഗെയിംസ് സംഘാടക സമിതി നല്‍കിയ ശുപാര്‍ശ ഐഒസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് നേരത്തേ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഐഒസി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് നന്ദിയറിയിക്കുകയും ചെയ്തു.

ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍, ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റ്, ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയതില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവും സന്തോഷം പ്രകടിപ്പിച്ചു. ഒളിമ്പിക് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയ വാര്‍ത്ത കേട്ടതില്‍ സന്തോഷവും ആവേശവും തോന്നുന്നു. ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മറ്റൊരു അവസരം.- അദ്ദേഹം കുറിച്ചു.

 

Top