ഒളിംപിക്സിനുള്ള ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആശംസകളുമായി സച്ചിന്‍

മുംബൈ: ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കൊവിഡ് സൃഷ്ടിച്ച പ്രയാസകരമായ സമയവും മറികടന്നാണ് താരങ്ങള്‍ ഒളിംപിക്സിനായി പോകുന്നതെന്നും രാജ്യത്തിനായി മെഡല്‍ നേടാന്‍ ഇവര്‍ക്കാകട്ടെയെന്നും സച്ചിന്‍ ആശംസിച്ചു.

‘സ്വപ്നങ്ങളെ പിന്തുടരൂ.’ 24 വര്‍ഷം നീണ്ട, ഏതാണ്ട് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്നെ മുന്നോട്ട് നയിച്ച അതേ വാക്കുകളാണ് ഒളിംപിക്സില്‍ ഇന്ത്യക്കായി ഇറങ്ങുന്ന താരങ്ങളോടും ക്രിക്കറ്റ് ഇതിഹാസത്തിന് പങ്കുവയ്ക്കാനുള്ളത്.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. തന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയ ടെന്നീസ് എല്‍ബോ എന്ന പരിക്കിനെ താന്‍ എങ്ങനെ മറികടന്നുവെന്നും സച്ചിന്‍ ഓര്‍ത്തെടുത്തു.

ടോക്കിയോയിലേക്ക് പോകുന്ന അത്ലറ്റിക് സംഘത്തിന് അത്ലറ്റിക് ഫെഡറേഷന്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സച്ചിന് പുറമേ, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര, വൈസ് പ്രസിഡന്റും ഒളിംപ്യനുമാ അഞ്ജു ബോബി ജോര്‍ജ് എന്നിവരും പങ്കെടുത്തു.

 

Top