പോപ്പിംഗ് ക്രീസിന് പുറത്താണ് സച്ചിന്‍ നില്‍ക്കാറുള്ളത്, എന്നിട്ടും സച്ചിന് കൂടുതല്‍ സമയം ലഭിച്ചു

സിഡ്‌നി: താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് ഓസീസ് പേസര്‍ ബ്രെറ്റ് ലീ.മറ്റ് ബാറ്റ്‌സ്മാന്‍മാരെ അപേക്ഷിച്ച് പന്തുകള്‍ കളിക്കാന്‍ സച്ചിന് എപ്പോഴും അധികസമയം ലഭിച്ചിരുന്നു. പോപ്പിംഗ് ക്രീസിന് പുറത്താണ് പലപ്പോഴും സച്ചിന്‍ നില്‍ക്കാറുള്ളത്. എന്നിട്ടും പന്തുകള്‍ കളിക്കുമ്പോള്‍ സച്ചിന് അധികസമയം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെയും ടീമുകള്‍ക്കെതിരെയുമാണ് സച്ചിന്‍ കളിച്ചത്. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനാണെന്ന് ലീ പറഞ്ഞു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കൂടാതെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസ് എന്നിവരെക്കുറിച്ചും ബ്രെറ്റ് ലീ മനസ്സു തുറന്നു. സിംബാബ്വെ മുന്‍ താരം പോമി ബാംഗ്വയുമൊത്തുള്ള വീഡിയോ ചാറ്റിലാണ് ബ്രെറ്റ് ലീ മൂവരെയുംക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെക്കുറിച്ചും ലീ മനസുതുറന്നു. ലാറക്കെതിരെ പന്തെറിയുക ഏറെ ബുദ്ധുമുട്ടാണ്. കാരണം ഒരേസ്ഥലത്ത് നിങ്ങള്‍ ആറ് പന്തുകള്‍ എറിഞ്ഞാല്‍ ആറ് ഇടത്തേക്ക് സിക്‌സര്‍ പായിക്കാന്‍ ലാറക്ക് കഴിവുണ്ടായിരുന്നുവെന്നും ലീ പറഞ്ഞു. ഗാരി സോബേഴ്‌സിന്റെ കളി ഞാന്‍ കണ്ടിട്ടില്ല. ടിവിയില്‍ ഹൈലൈറ്റ്‌സുകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഞാന്‍ കണ്ടിട്ടുള്ളതിലും എതിരെ കളിച്ചിട്ടുള്ളതിലും കംപ്ലീറ്റ് ക്രിക്കറ്റര്‍ കാലിസാണെന്ന് പറയാനാവും. ബാറ്റ്‌സ്മാനായും ബൗളറായും തിളങ്ങുന്നതിനൊപ്പം സ്ലിപ്പില്‍ ഗംഭീര ക്യാച്ചുകളും കാലിസ് കൈക്കുള്ളിലാക്കുമായിരുന്നുവെന്നും ലീ പറഞ്ഞു

Top