‘പുറത്തുനിന്നുള്ള സഹായം വേണ്ട’; അഫ്രീദിക്കെതിരെ സച്ചിന്‍

sachin

ശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ ഇവിടെയുണ്ടെന്നും ഇന്ത്യക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പുറത്തുനിന്നൊരാള്‍ പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നും സച്ചിന്‍ തിരിച്ചടിച്ചു.

ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രിദിയുടെ ട്വീറ്റ്. ഇത്തരം രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

അഫ്രീദിയുടെ പരാമര്‍ശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. താരത്തിന് മറുപടിയുമായി ഗൗതം ഗംഭീറും വിരാട് കോലിയുമടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണവും. ഇന്ത്യക്കെതിരെ എന്തുപറഞ്ഞാലും താന്‍ പിന്തുണക്കില്ലെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണം.

അഫ്രീദിയുടെ കൈയിലുള്ള നിഘണ്ടുവില്‍ യുഎന്‍ എന്നാല്‍ അണ്ടര്‍ 19 (under 19) എന്നാകും എന്നായിരുന്നു ഗംഭീറന്റെ പ്രതികരണം. ആ യുഎന്നിനെക്കുറിച്ചാകും അഫ്രീദി പറഞ്ഞിട്ടുണ്ടാകുക എന്നും പതിവുപോലെ നോ ബോളിലെ വിക്കറ്റാണ് അദ്ദേഹം ആഘോഷിക്കുന്നതെന്നും ഗംഭീര്‍ പരിഹസിച്ചു.

ഇതിന് മുന്‍പും ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള താരമാണ് അഫ്രീദി. കശ്മീരിലെ ജനത പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണക്കുന്നുണ്ടെന്നായിരുന്നു 2016ല്‍ അഫ്രീദി പറഞ്ഞത്. അന്ന് ബിസിസിഐ അഫ്രീദിക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.

Top