പുതിയ പാർട്ടി രൂപീകരിച്ച് എ.എ.പിയുമായും ഇടതു പാർട്ടികളുമായും സഖ്യമുണ്ടാക്കാൻ സച്ചിൻ പൈലറ്റ്

രിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് വിളിച്ചു വരുത്താന്‍ പോകുന്നത്. കോണ്‍ഗ്രസ് വിട്ടുപോകാനൊരുങ്ങുന്ന സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ ഒരു ഫോര്‍മുലയും ഇതുവരെ മുന്നോട്ടു വയ്ക്കാന്‍ ഹൈക്കമാന്റിനു കഴിഞ്ഞിട്ടില്ല. ഇതോടെ എല്ലാ സമവായ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ കര്‍ശന നിലപാടിനു മുന്നില്‍ ഹൈക്കമാന്റ് പോലും വിറച്ചു പോയി എന്നതാണ് യാഥാര്‍ത്ഥ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പുറത്തു പോകുന്നത് കോണ്‍ഗ്രസ്സിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലാണ് എത്തിക്കുക.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് രാജസ്ഥാന്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതു തന്നെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്റ്റാര്‍ ക്യാംപയിനെ തുടര്‍ന്നായിരുന്നു. ആ സച്ചിന്‍ കോണ്‍ഗ്രസ്സ് വിട്ട് മറ്റൊരു പാര്‍ട്ടി രൂപീകരിച്ചാല്‍ ആ പാര്‍ട്ടിക്കും കീഴെ ആയിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനം. ഒന്നുകില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റ് നയിക്കുന്ന പാര്‍ട്ടി രാജസ്ഥാന്‍ ഭരണം പിടിക്കും. അതല്ലങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരും. ഇതില്‍ ഏതെങ്കിലും ഒന്നു സംഭവിക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ എളുപ്പത്തില്‍ രാജസ്ഥാന്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സച്ചിന്‍ പൈലറ്റിന്റെ പാര്‍ട്ടിക്കും താഴെ ആയിരിക്കും കോണ്‍ഗ്രസ്സിനു സ്ഥാനമുണ്ടാക്കുക.

കോണ്‍ഗ്രസ്സ് എതിര്‍ത്തിട്ടും സച്ചിന്‍ പൈലറ്റ് നടത്തിയ പദയാത്ര വന്‍ വിജയമായതാണ് പാര്‍ട്ടിവിടാന്‍ സച്ചിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പഴയ തലമുറ തന്നെ ഇപ്പോഴും സ്വാധീനം ചെലുത്തുന്ന കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനാകട്ടെ ഇപ്പോഴും നേരം വെളുത്തിട്ടില്ല. കര്‍ണ്ണാടകയിലെ ക്രൗഡ് പുള്ളറായ സിദ്ധരാമയ്യ അല്ല അശോക് ഗെഹലോട്ട് എന്നത് ഇനിയും കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. രാജസ്ഥാനിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതാവാണ് സച്ചിന്‍ പൈലറ്റ്. വ്യക്തി കേന്ദ്രീകൃത പാര്‍ട്ടി ആയിട്ടും ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസ്സിന്റെ പിഴവ് . ഇവിടെ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്കു കൂടിയാണ് കോണ്‍ഗ്രസ്സ് നിറം പകര്‍ന്നിരിക്കുന്നത്. എംഎല്‍എമാരുടെ പിന്തുണ വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ് ഹൈക്കമാന്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മാസങ്ങള്‍ മാത്രം കാലാവധി അവശേഷിക്കുന്ന സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ വീഴട്ടെ എന്ന തീരുമാനമെടുത്ത് സച്ചിന്‍ പൈലറ്റിനെ ഉള്‍ക്കൊള്ളാന്‍ ഹൈക്കമാന്റ് തയ്യാറായിരുന്നു എങ്കില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനു തിരിച്ചു വരാന്‍ ഒരുപക്ഷേ കഴിയുമായിരുന്നു. എന്നാല്‍ ഇനി ആ സാധ്യതയില്ല. ബി.ജെ.പി ഭരണത്തില്‍ കര്‍ണ്ണാടകയില്‍ ഉയര്‍ന്ന ജനവികാരത്തിന് സമമായ പ്രതികരണമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ജനങ്ങള്‍ക്കു മുന്‍പില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ശരിക്കും ഒരു വില്ലന്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ ഭരണം കോണ്‍ഗ്രസ്സിനു നഷ്ടമായാല്‍ കര്‍ണ്ണാടക നല്‍കിയ ആവേശവും അതോടെ തീരും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് താഴേക്കു പതിക്കുകയും ചെയ്യും. ലോകസഭ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിധ്വനി എന്തായാലും ഉറപ്പാണ്.

ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടാണ് കുറേ കാലമായി കോണ്‍ഗ്രസ്സ് പിന്തുടരുന്നത്. പരാജയത്തിന്റെ പടുകുഴിയില്‍ അവര്‍ വീഴാന്‍ പ്രധാന കാരണവും അതു തന്നെയാണ്. രാജസ്ഥാനില്‍ കൂടി കോണ്‍ഗ്രസ്സ് തകരുന്നതോടെ നെഹറു കുടുംബത്തിന്റെ ഉള്ള കരുത്തും ചോരും. കോണ്‍ഗ്രസ്സില്‍ നിന്നും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനും സാധ്യത ഏറെയാണ്. ഇപ്പോള്‍ തന്നെ രാജസ്ഥാനിലെ നല്ലൊരു വിഭാഗം നേതാക്കളും സച്ചിന്‍ പൈലറ്റിനൊപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. സ്ത്രീകളുടെയും – യുവജനങ്ങളുടെയും ശക്തമായ പിന്തുണയും സച്ചിന്‍ പൈലറ്റിനുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ ചേക്കേറാന്‍ ആലോചിച്ചിരുന്ന സച്ചിന്‍ അവസാന നിമിഷം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ പദയാത്ര നല്‍കിയ ആത്മവിശ്വാസമാണുള്ളത്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായും ഇടതുപക്ഷ പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറാകുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സച്ചിന്‍ പൈലറ്റും അശോക് ഗെഹലോട്ടും തമ്മിലുള്ള പോരാട്ടത്തില്‍ ഹൈക്കമാന്റിനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഗെഹലോട്ടിന്റെ നേട്ടം. എന്നാല്‍ സച്ചിന്‍ പാര്‍ട്ടി വിടുന്നതോടെ കൂടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴും. പിന്നെ ഗവര്‍ണ്ണര്‍ ഭരണത്തിനാണ് സാധ്യത. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍, ബദല്‍ സര്‍ക്കാറിനുളള ഒരു സാധ്യതയും അത്തരമൊരു സാഹചര്യത്തില്‍ ഉണ്ടാവുകയില്ല. അധികാരം തലയ്ക്കു പിടിച്ച അധികാര മോഹി എന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ സച്ചിന്‍ വിഭാഗം ചിത്രകരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെട്ടെങ്കിലും ഗെഹലോട്ട് കണ്ണുരുട്ടിയപ്പോള്‍ സാക്ഷാല്‍ രാഹുല്‍ പോലും പേടിച്ചു പോയി എന്നാണ് രാജസ്ഥാനിലെ മുതിര്‍ന്ന നേതാക്കളും കരുതുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനാവാനുള്ള ഓഫര്‍ പോലും ഗെഹലോട്ട് നിരസിച്ചിരുന്നത് സച്ചിന്‍ മുഖ്യമന്ത്രിയാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. ‘ബിജെപിയുടെ നിയന്ത്രണത്തിലാണ് സച്ചിനെന്നും അതുകൊണ്ടുതന്നെ, സച്ചിനെ പരിഗണിക്കേണ്ടതില്ലെന്നും’ ഗെഹലോട്ട് ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്കും, സച്ചിന്‍ പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സച്ചിന്‍ തീരുമാനിച്ചതോടെ ഗെഹലോട്ടിന്റെ വാദങ്ങള്‍ വിശ്വസിച്ച ഹൈക്കമാന്റാണ് ഇളഭ്യരായിരിക്കുന്നത്.

പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11നു തന്നെ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ‘പ്രഗതിശീല്‍’ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന. 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ അശോക് ഗെഹലോട്ടുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ പുതിയ നീക്കം രാജസ്ഥാന്‍ രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്.സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ക്ഷേത്രസന്ദര്‍ശനങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതോടെ എത്ര കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നതാണ് മുഖ്യമന്ത്രി ഗെഹലോട്ട് ഉറ്റു നോക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തോറ്റാലും തനിക്ക് കാലാവധി പൂര്‍ത്തിയാക്കണമെന്നതാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം. 2020-ല്‍, ഗെഹലോട്ട് സര്‍ക്കാരിനെതിരെ പൈലറ്റ് നടത്തിയ പരസ്യമായ വിമതനീക്കത്തില്‍ 30 എം.എല്‍.എമാരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 19 എം.എ.എല്‍.എമാരായിരുന്നു കൂടെ നിന്നിരുന്നത്. ഈ വിമതനീക്കത്തോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും നഷ്ടമായിരുന്നത്. മുഖ്യമന്ത്രിയായി തന്നെ ഉയര്‍ത്തി കാട്ടിയാണ് കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നതെന്നും അതു കൊണ്ടു തന്നെ മുഖ്യമന്ത്രി പദം തനിക്ക് അവകാശപ്പെട്ടതാണെന്നതുമാണ് അന്നും ഇന്നും സച്ചിന്‍ പൈലറ്റിന്റെ നിലപാട്.

ഈ വാദം അംഗീകരിക്കാത്ത മുഖ്യമന്ത്രി ഗെഹലോട്ടിനെ വെട്ടിലാക്കാനാണ് മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് സര്‍ക്കാരിനെതിരെ പൈലറ്റ് പ്രക്ഷോഭം ആരംഭിച്ചിരുന്നത്. അജ്മിര്‍ മുതല്‍ ജയ്പുര്‍ വരെ 125 കിലോ മീറ്ററായിരുന്നു പദയാത്ര. ഇതിനുശേഷം അഴിമതി ആരോപണങ്ങളില്‍ മെയ് 31-നകം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് സര്‍ക്കാരിന് സച്ചിന്‍ അന്ത്യശാസനവും നല്‍കിയിരുന്നു. ഇതും അവഗണിക്കപ്പെട്ടതോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് സച്ചിന്‍ കടന്നിരിക്കുന്നത്.

രാജസ്ഥാനില്‍ വരുന്ന ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം തന്നെ മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും നേരിട്ടാണ് ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണം നയിക്കുക. കൈവശമുള്ള രണ്ടു സംസ്ഥാനങ്ങളിലെ ഭരണം പോലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലങ്കില്‍ അതോടെ രാഹുലിന്റെയും പ്രിയങ്കയുടെയും ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി കൂടിയാണ് ചോദ്യം ചെയ്യപ്പെടുക.

EXPRESS KERALA VIEW

Top