വ്യക്തിപരമായ വിദ്വേഷങ്ങളില്ല; ഗെഹലോത്തിനെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്തിനെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്കൊടുവില്‍ സച്ചിന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.

എന്റെ കുടുംബത്തില്‍നിന്ന് ചില മൂല്യങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഞാന്‍ ആരെ എത്രമാത്രം എതിര്‍ത്താലും ഒരിക്കലും അത്തരം ഭാഷ ഞാന്‍ പ്രയോഗിക്കില്ല. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിനെ അശോക് ഗെഹലോത് ഒന്നിനും കൊള്ളാത്തവന്‍ എന്നു വിളിച്ചിരുന്നു.

അശോക് ഗെഹലോത് ജി എന്നേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്നാല്‍ ജോലിസംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ എനിക്ക് അവകാശമുണ്ട്. എനിക്ക് വേദനിച്ചു. പക്ഷേ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ല. പൊതുവിടത്തില്‍ പെരുമാറുന്നതിന് മാന്യതയും ഒരു ലക്ഷ്മണരേഖയുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആ ലക്ഷ്മണരേഖ മറികടന്നതായി വിശ്വസിക്കുന്നില്ല.’ സച്ചിന്‍ പറഞ്ഞു.

ഗഹലോത്തുമായുളള ബന്ധം വീണ്ടും മെച്ചപ്പെടുത്താന്‍ സാധിക്കാത്തത്ര വഷളായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് കുറച്ച് പരാതികള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് എനിക്ക് കുറച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്’ സച്ചിന്‍ വ്യക്തമാക്കി.

Top