ജയ്‌പുർ : രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ‘‘അടുത്ത സർക്കാരിനെ ആരു നയിക്കമെന്നത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കമാൻഡാകും തീരുമാനിക്കുക. തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ ഒറ്റക്കെട്ടായാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നതിനായാണ് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത്. അധികാരം മാറി, മാറി വരുന്ന പ്രവണതയ്‌ക്ക് ഇത്തവണ അവസാനമുണ്ടാകും’’ – സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
ഹൈദരാബാദില്‍ കോൺഗ്രസ് പ്രവർത്തക സമിതിക്ക് മുൻപായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ പൈലറ്റ് നയം വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം യാഥാർഥ്യമാക്കാനാണ് കോൺഗ്രസ് പരിശ്രമിച്ചത്. അത് നിറവേറ്റാനായി എന്നതാണ് വിശ്വാസം. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘മുഖ്യമന്ത്രി ആര് എന്ന് ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. ഭൂരിപക്ഷം ലഭിച്ചാൽ കൂട്ടായ തീരുമാനത്തിലൂടെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതാണ് കോൺഗ്രസിന്റെ സമീപനം. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വം എന്നിവർ ചേർന്ന് ആവശ്യമായ തീരുമാനങ്ങളെടുക്കും’’– അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ ബിജെപിയിൽ ആഭ്യന്തരപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതു പ്രതിഫലിക്കും. കേന്ദ്രത്തിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.