പൈലറ്റിന്റെ ഇരിപ്പിടം പ്രതിപക്ഷ ബെഞ്ചുകള്‍ക്ക് സമീപം

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോതുമായി ഒന്നിച്ചതിന് പിന്നാലെ നിയമസഭയില്‍ സച്ചിന്‍ പൈലറ്റിന്റെ ഇരിപ്പിടം ചര്‍ച്ചയാകുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടമായ പൈലറ്റിന് പ്രതിപക്ഷ ബെഞ്ചുകള്‍ക്ക് സമീപമാണ് ഇരിപ്പിടം നല്‍കിയത്.

‘ഞാന്‍ എന്തുകൊണ്ടാണ് അതിര്‍ത്തിയിലിരിക്കുന്നത്. ഞാന്‍ എന്തിനാണ് പ്രതിപക്ഷത്തിന്റെ അരികില്‍ ഇരിക്കുന്നത്… കാരണം, ഇത് അതിര്‍ത്തിയാണ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലേക്ക് അയക്കൂ.’ പൈലറ്റ് പറഞ്ഞു.

പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ഇന്ന് സഭയില്‍ വിശ്വാസം തെളിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിശ്വാസ വോട്ടെടുപ്പില്‍ വിമതരെ അശോക് ഗെഹ്ലോത് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വിമതരുടെ പിന്തുണയില്ലാതെ തന്നെ വിശ്വാസം നേടാനാകുമെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്.

Top