ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നതെങ്ങനെ കോണ്‍ഗ്രസ് വിരുദ്ധമാകുമെന്ന് സച്ചിൻ പൈലറ്റ്

ദില്ലി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത് എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ചോദ്യം. പറഞ്ഞത് ചെയ്യുന്നവരാണ് കോൺഗ്രസ് എന്ന് ജനങ്ങൾ മനസ്സിലാക്കണമെങ്കിൽ അഴിമതിക്കെതിരെ നടപടി വേണം. ആറ് മാസം മാത്രമാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. പ്രതിഷേധം സംഘടിപ്പിച്ചതിന് വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തുന്നതെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

ബിജെപിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനെതിരെയാണ് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രണ്‍ധാവ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ, പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്റ് നിയോഗിക്കുകയും ചെയ്തിരുന്നു.

കർണാടക തെരഞ്ഞെടുപ്പിനിടെ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ മാറാതിരിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. 2020ലെ വിമത നീക്കത്തിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും ഒപ്പമുള്ളവർക്ക് മന്ത്രിസ്ഥാനങ്ങളും നഷ്ടമായത്.

Top