രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകളുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തന്റെ വിശ്വസ്തരായ എം എല്‍ എമാര്‍ക്കൊപ്പം ഡല്‍ഹിയില്‍. സച്ചിന്‍ പൈലറ്റ് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നേരത്തേ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സച്ചിന്‍ വ്യക്തമാക്കിയിരുന്നു. തനിക്കൊപ്പം 23 എം എല്‍എമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം. ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നത മൂലം മധ്യപ്രദേശിലേതുപോലെ സംസ്ഥാനത്തും അധികാരം കൈവിട്ടുപോകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ഗെഹ്ലോത് ആരോപിച്ചത് . ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്. തനിക്കൊപ്പം 23 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അശോക് ഗെഹ് ലോതും സച്ചിനും തമ്മിലുള്ളത് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

Top