സച്ചിന്‍ ദൈവമാണെങ്കില്‍ ധോണി രാജാവാണെന്ന് ഹോങ്കോങ് സ്പിന്നര്‍

ന്യൂഡല്‍ഹി : ഏഷ്യ കപ്പിലൂടെ തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഹോങ്കോങ് സ്പിന്നര്‍ ഇസാന്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയോ, എം.എസ്.ധോണിയുടെയോ, വിക്കറ്റെടുക്കുക എന്നതായിരുന്നു ഇസാന്റെ സ്വപ്നം.

ഇത്തവണത്തെ ഏഷ്യ കപ്പിലൂടെ ഇസാന് സ്വപ്നം സാക്ഷാത്കരിക്കാനായി. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തില്‍ ധോണിയെ ഡക്കില്‍ പുറത്താക്കിയത് ഇസാനാണ്.

ഭാവിയില്‍ താനൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ചും അതിലെ മെയിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ധോണിയെക്കുറിച്ചായിരിക്കുമെന്ന് ഇസാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ക്രിക്കറ്റില്‍ സച്ചിന്‍ ദൈവമാണെങ്കില്‍ ധോണി രാജാവാണ്. കരിയറിനെക്കുറിച്ചൊരു പുസ്തകം എഴുതാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്ന് അതിലെ പ്രധാന ചാപ്റ്റര്‍ ധോണിയെ കുറിച്ചായിരിക്കുമെന്നും ഇസാന്‍ വ്യക്തമാക്കി.

15 ഏകദിനങ്ങളില്‍ നിന്നായി 29 വിക്കറ്റ് നേടിയിട്ടുണ്ട് ഇസാന്‍. ബാറ്റിങ് ഇതിഹാസം സച്ചിന്റെയും ധോണിയുടെയും വിക്കറ്റ് നേടുന്നത് താന്‍ സ്വപ്നം കാണാറുണ്ടായിരുന്നുവെന്ന് പറഞ്ഞ ഇസാന്‍ സച്ചിന്റെ വിക്കറ്റ് കിട്ടാന്‍ അവസരം നഷ്ടമായപ്പോള്‍ അസ്വസ്ഥനായെന്നും വ്യക്തമാക്കി.

സച്ചിനെയും ധോണിയെയും പുറത്താക്കുക എന്റെ സ്വപ്നമായിരുന്നു. സച്ചിന്റെ വിക്കറ്റെടുക്കാനുളള അവസരം കിട്ടിയില്ല. പക്ഷേ ധോണിയുടെ വിക്കറ്റെടുത്തുവെന്നും, അതിനാലാണ് താന്‍ തല താഴ്ത്തി ബഹുമാനം പ്രകടിപ്പിച്ചതെന്നും ഇസാന്‍ സൂചിപ്പിച്ചു.

ഏഷ്യ കപ്പില്‍ ധോണി ഒരിക്കല്‍ക്കൂടി നായകന്റെ വേഷം അണിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ധോണി ഇന്ത്യന്‍ നായകന്റെ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യന്‍ നായകനായുളള ധോണിയുടെ 200-ാം മത്സരമായിരുന്നു അത്. ഏകദിനത്തില്‍ ധോണി 11,523 റണ്‍സെടുത്തിട്ടുണ്ട്. 2005 ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

Top