പൊടുന്നനെയുള്ള ഗവര്‍ണറുടെ പ്രതികരണം രാഷ്ട്രീയ പ്രേരിതം; തീരുമാനമെടുക്കേണ്ടത് സര്‍ക്കാറെന്ന് സച്ചിന്‍ ദേവ്

തിരുവനന്തപുരം: സര്‍വ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പ്രസ്താവനകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണെന്ന വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. നിയമപരവും സുതാര്യവുമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ നടന്നുവരുന്നതെന്നും, നിയമാനുസൃതമായി വിവിധ തലങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സിലര്‍ നിയമനത്തിനായുള്ള ശുപാര്‍ശകള്‍ ഗവര്‍ണര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നതെന്നും സച്ചിന്‍ ദേവ് തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

പൊടുന്നനെയുള്ള ഗവര്‍ണറുടെ ഇത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയമുയര്‍ത്തുന്നതാണ്. സവിശേഷവും സുപ്രധാനവുമായ ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നിഷ്പക്ഷമായും നിയമാനുസൃതമായും നിയമന നടപടി ക്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന പരിശോധനയാണ് മുഖ്യമായും നടത്തേണ്ടതെന്നും സച്ചിന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സര്‍വ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പ്രസ്താവനകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ്. നിയമപരവും സുതാര്യവുമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ നടന്നുവരുന്നത്.

നിയമാനുസൃതമായി വിവിധ തലങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സിലര്‍ നിയമനത്തിനായുള്ള ശുപാര്‍ശകള്‍ ഗവര്‍ണര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നത്. ആയത് പ്രകാരം ഗവര്‍ണര്‍ അന്തിമമായി അംഗീകാരം നല്‍കുന്ന പേരാണ് വൈസ് ചാന്‍സിലറാ നിയമിക്കാറുള്ളത്. കേരളത്തില്‍ ഈ രീതി പൊതുവില്‍ തുടര്‍ന്നു വരുന്നതും പൊതുവേ അക്ഷേപങ്ങള്‍ക്ക് ഇടനല്‍കാത്തതുമാണ്.

ബഹുമാനപ്പെട്ട ഗവര്‍ണറും ഇതിനു മുന്‍പ് നിയമനങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളോ ആശങ്കകളോ പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പൊടുന്നനെയുള്ള ഗവര്‍ണറുടെ ഇത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയമുയര്‍ത്തുന്നതാണ്. സവിശേഷവും സുപ്രധാനവുമായ ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നിഷ്പക്ഷമായും നിയമാനുസൃതമായും നിയമന നടപടി ക്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന പരിശോധനയാണ് മുഖ്യമായും നടത്തേണ്ടത്. ഗവര്‍ണര്‍ തന്നെ ചാന്‍സിലര്‍ പദവിയിലിരിക്കണമെന്ന നിയമ വ്യവസ്ഥയും നിലനില്‍ക്കുന്നില്ല എന്നതും പ്രധാനമാണ്. അത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.

Top