ശബരിനാഥന്‍റെ സ്ക്രീന്‍ഷോട്ട് ചോര്‍ത്തിയത് സംഘടനയില്‍ ഉള്ളവർ തന്നെ; യൂത്ത് കോണ്‍ഗ്രസിൽ വിവാദം പുകയുന്നു

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്നത് സംഘടനക്കുള്ളിൽ വിവാദമായി.സ്ക്രീൻ ഷോട്ട് ചോർത്തിയതും പൊലീസിന് കൈമാറിയതും യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന വിവാദമാണ് സംഘടനക്കുള്ളില്‍ പുകയുന്നത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മുന്‍ എംഎല്‍എ കൂടിയായ കെ എസ് ശബരിനാഥനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ഇത് വിവാദമായാത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് സ്ക്രീൻ ഷോട്ട് പുറത്തുവന്നത്.

ഗൂഡാലോചനയിൽ ചോദ്യം ചെയ്യാൻ നാളെ 11 മണിക്ക് ഹാജരാകാനാണ് മുൻ എംഎൽഎയായ ശബരിനാഥനോട് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനയിൽ ശബരിനാഥിന് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നാളെ ഹാജരാകാൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലിനും പിഎ സുനീഷിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യൂത്ത് കോണ്‍ഗ്രസുകാർ നൽകിയ പരാതി പൊലീസ് തള്ളി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയാണ് ഇതേവരെ പ്രതിചേർത്തിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നാണ് കെ എസ് ശബരിനാഥൻ പ്രതികരിച്ചിട്ടുള്ളത്. പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.

Top