മുസ്ലീം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജി വെച്ചു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇദ്ദേഹം പാര്‍ട്ടി വിടാനും ആലോചിക്കുന്നുണ്ട്.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്ന അകല്‍ച്ചയാണ് രാജിയിലെത്തിച്ചത്. ബംഗാളിലെ ഫുര്‍ഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപീകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി മുസ്ലീം ലീഗ് സഖ്യം ഉണ്ടാക്കണമെന്ന നിലപാടായിരുന്നു സാബിറിന്.

പക്ഷെ, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കൊപ്പം കൂട്ടുകൂടില്ലെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന്റേത്. ഇതോടെയാണ് തന്റെ പാര്‍ട്ടി ചുമതല രാജിവയ്ക്കാനും പുതിയ പാര്‍ട്ടിയില്‍ ചേരാനും സാബിര്‍ തീരുമാനിച്ചത്.

 

Top