ക്രിമിനൽ ഗൂഢാലോചനയിൽ ‘സംശയം’ തുറന്നടിച്ച് സെബാസ്റ്റ്യൻ പോൾ !

മുൻ ഡി.ജി.പി ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തെ പിടിച്ചുലക്കുന്നത്.ഈ പ്രതികരണം കേട്ട് പകച്ചവരിൽ രാഷ്ട്രീയ നേതാക്കൾ മുതൽ  ഉന്നത ഉദ്യാഗസ്ഥർ വരെയുണ്ട്. യാഥാർത്ഥ്യം എന്താണെന്നറിയാൻ  പൊതു സമൂഹവും  കോടതിയിലേക്കാണ് ഉറ്റു നോക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ  നിയമപരമായ പരിശോധന നടത്തണമെന്നാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ആവശ്യപ്പെട്ടിരിക്കുന്നത്. പല മുൻ ഡിജിപിമാരും ജഡ്ജിമാരും  ഇത്തരത്തിൽ നിരവധി പ്രതികരണങ്ങൾ  സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം നടത്തിയിട്ടുണ്ടെന്ന കാര്യവും  സി.പി.എം നേതാവ് കൂടിയായ ഇ പി ജയരാജൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സർവ്വീസിൽ നിന്നും റിട്ടയർ ചെയ്താൽ  ഉദ്യോഗസ്ഥരും സാധാരണ പൗരൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതായത്, ശ്രീലേഖയുടെ പ്രതികരിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന നിലപാടാണിത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ വഴിതിരിച്ചു വിട്ട്  അസാധാരണ സംഭവമാക്കാനുള്ള മാധ്യമങ്ങളുടെ നീക്കത്തിനെതിരെയുള്ള പ്രതികരണം കൂടിയാണിത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കണമെന്നതാണ് ഇ.പിയെ പോലെ തന്നെ  സർക്കാറിന്റെയും സി.പി.എമ്മിന്റെയും നിലപാട്. “ചില കാര്യങ്ങൾ മുൻപ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന” ശ്രീലേഖയുടെ വെളിപ്പെടുത്തലിലും  സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ഉണ്ടായപ്പോൾ അതിന്റെ മേൽനോട്ട ചുമതല മുൻപ് നിർവ്വഹിച്ചിരുന്ന ബി.സന്ധ്യക്ക് സർക്കാർ നൽകിയിരുന്നില്ലന്നതും ശ്രദ്ധേയമാണ്. അന്വേഷണ ടീമിനെ അതേപടി നിലനിർത്തിയപ്പോൾ തന്നെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനാണ് നൽകിയിരുന്നത്. ശ്രീജിത്തിനെതിരെ പരാതി ഉയർന്നപ്പോൾ പിന്നീട് അദ്ദേഹത്തെയും മാറ്റുകയാണുണ്ടായത്. പകരം  എ.ഡി.ജി.പി ദർവേഷ് സാഹിബിനെയാണ് നിയമിച്ചിരുന്നത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാൻ അർഹത ഉണ്ടായിട്ടും ബി.സന്ധ്യക്ക് ആ ചുമതല നൽകാതെ ഫയർഫോഴ്സിൽ ഒതുക്കിയതും  സർക്കാറിന് ഈ പൊലീസ് ഉദ്യോഗസ്ഥയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ്.നടി ആക്രമിക്കപ്പെട്ട കേസിൽ സന്ധ്യ ഇടപെട്ട രീതിയിൽ  സർക്കാറിനു അതൃപ്തിയുണ്ടെന്ന വാദത്തെ സാധൂകരിക്കുന്നതു കൂടിയാണ്  ഈ നിലപാടുകളെല്ലാം.

സി.പി.എം സഹയാത്രികനും  മുൻ എം.എൽ.എയും  ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോളും ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ശക്തമായ പ്രതികരണവുമായി ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. “ഈ കേസിന്റെ ആദ്യ കാലം മുതല്‍ തനിക്കു ഉണ്ടായിരുന്ന സംശയം സ്ഥിരീകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയിരിക്കുന്നതെന്നാണ്  സെബാസ്റ്റ്യൻ പോൾ തുറന്നടിച്ചിരിക്കുന്നത്. ഒരു വിചിത്രമായ കേസെന്ന് അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു താനെന്നും അതിന് ധാരാളം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു. ”പ്രോക്‌സി വോട്ടിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട് .എന്നാൽ, പ്രോക്‌സി റേപ്പ് ” എന്നത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. താൻ വായിച്ച നിയമപുസ്തകങ്ങളില്‍ ഒന്നും അത്തരത്തിലൊരു റേപ്പിനെക്കുറിച്ച്‌ വിവരണം ഇല്ലന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെ, കോണ്‍സ്പിരസി എന്നൊരു തിയറി തന്നെ  ആദ്യമായി പുറത്തുകൊണ്ടുവന്നത് മഞ്ജുവാര്യരാണ്.  ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ്  മഞ്ജുവാര്യര്‍ ആ തീയറി അവതരിപ്പിച്ചിരുന്നത്. മഞ്ജു വാര്യരോട് എക്കാല്ലത്തും വലിയ സൗമനസ്യം കാണിക്കുന്ന മുഖ്യമന്ത്രി  അത് ഏറ്റെടുത്തെന്നും ,അന്ന് അന്വേഷണ ഉദ്യോസ്ഥയായിരുന്ന ബി.സന്ധ് തുടർന്ന് അതുമായി മുന്നോട്ടുപോകുകയാണ് ഉണ്ടായതെന്നുമാണ് സെബാസ്റ്റ്യൻ പോൾ പറഞ്ഞിരിക്കുന്നത്. അതിന്റെ ഫലമായാണ് പള്‍സര്‍ സുനിയെന്ന പ്രതി യഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും അതുവിട്ട് ദിലീപിലേക്ക് കേസ് തിരിയുകയും  ദിലീപ് കേസില്‍ പ്രതിയാവുകയും ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. കേസ് സത്യസന്ധമായി അന്വേഷിക്കാൻ മുഖ്യമന്ത്രിയും സർക്കാറും നൽകിയ സ്വാതന്ത്ര്യം സന്ധ്യ ദുരുപയോഗം ചെയ്തതായി  മുൻപു തന്നെ ആരോപണമുയർന്നതിനാൽ സെബാസ്റ്റ്യൻ പോളിന്റെ ഈ പ്രതികരണത്തെയും  നിസാരമായി കാണാൻ കഴിയുകയില്ല. വളരെ ദുര്‍ബലമായ അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിനില്‍ക്കുന്നതെന്നും അതിനുള്ള ഏറ്റവും വലിയ തെളിവ്  പ്രോസിക്യൂഷന്‍ വിചാരണ നടത്തുന്ന ജഡ്ജിക്കും കോടതിക്കും എതിരെ തിരിഞ്ഞു എന്നതാണെന്നാണ് സെബാസ്റ്റ്യൻ പോൾ തുറന്നടിച്ചിരിക്കുന്നത്.

വിചാരണ കോടതി ജഡ്ജിയുടെ പശ്ചാത്തലം പറഞ്ഞ് അവരെ കടന്നാക്രമിക്കുന്ന പ്രചരണത്തിൽ ശക്തമായ എതിർപ്പാണ് സി.പി.എം നേതൃത്വത്തിനും നിലവിലുള്ളത്. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ്  മുൻ എസ്.എഫ്.ഐ നേതാവാണ് എന്നൊക്കെ പറഞ്ഞാണ് ചാനൽ ചർച്ചകളിലും അതിജീവതക്കൊപ്പം എന്നു അവകാശപ്പെടുന്നവർ കലിതുള്ളുന്നത്. വിചാരണ കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായിട്ടാണ് ഇത്തരം പ്രചരണങ്ങളെ സി.പി.എം നേതൃത്വവും നോക്കി കാണുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള ജില്ലാ ജഡ്ജിമാരിൽ ഒരാളാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ്. ഇത് പരിഗണിച്ചു കൊണ്ടു കൂടിയാണ്  വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യത്തെ സാക്ഷാൽ സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതിനു ശേഷമാണ് ചില അഭിഭാഷകർ ഉൾപ്പെടെ ചാനൽ ചർച്ചകളിൽ ഇവർക്കെതിരെ രംഗത്തു വന്നിരുന്നത്. വ്യക്തിപരമായി പ്രതിരോധത്തിലാക്കാൻ വരെ  അണിയറയിൽ ശ്രമങ്ങളുണ്ടായി. ഇങ്ങനെ, വിചാരണ കോടതി ജഡ്ജിക്കെതിരെ ഉറഞ്ഞു തുള്ളിയവർ തന്നെയാണ് ഇപ്പോൾ ക്വാർട്ടലക്ഷ്യത്തിന് ശ്രീലേഖക്കെതിരെ കേസെടുക്കണമെന്ന് പറയുന്നതെന്നതും  നാം ഓർക്കണം. അപഹാസ്യമായ നിലപാടു തന്നെയാണിത് നിയമ കേന്ദ്രങ്ങളും അത്തരത്തിൽ തന്നെയാണ്  ഈ ആവശ്യത്തെ വിലയിരുത്തുന്നത്.

ഇതിനിടെ  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താൻ  ക്രൈംബ്രാഞ്ചും തൃശൂർ റൂറൽ പൊലീസും നീക്കം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരായ ആരോപണത്തിന്റെയും, ജയിലിലെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ റൂറൽ പൊലീസ് ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തുന്നത്. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇതിനായി അഡീഷണൽ എസ്.പിയെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

caseപൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമാണ്  പരാതിക്കാരി മുൻ ഡി.ജി.പിക്ക് എതിരെ ഉയർത്തിയിരിക്കുന്നത്. ഇത് ഗുരുതര തെറ്റാണെന്നും  പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. “സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ” ആർ ശ്രീലേഖ യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും, എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിന് ശ്രീലേഖ എന്തായാലും മറുപടി പറയേണ്ടി വരും. “നടിമാരോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല” എന്ന മറുപടിയാണ് ഇക്കാര്യത്തിൽ ശ്രീലേഖക്കുള്ളത്. അങ്ങനെ പീഢിപ്പിക്കപ്പെട്ടവർ പറഞ്ഞാൽ തന്നെ  അതു കേട്ട് ഒരു ഐ.പി.എസുകാരി പിൻമാറുന്നത് ശരിയല്ലന്നാണ് പരാതിക്കാരിയുടെ വാദം. പൾസർ സുനിക്കെതിരെ അന്നേ കേസെടുത്തിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ശ്രീലേഖ നടത്തിയില്ലന്നും മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  അന്ന് പീഢിപ്പിക്കപ്പെട്ട നടിമാരുടെ പേരുകൾ പൊലീസിനോട് പറയാൻ ശ്രീലേഖയും ഇനി നിർബന്ധിക്കപ്പെടും. ആ നടിമാർ ശ്രീലേഖയോട് പറഞ്ഞതിൽ ഉറച്ചു നിന്നാൽ പൾസർ സുനിയാണ് കൂടുതൽ കുരുക്കിലാകാൻ പോകുന്നത്. ജാമ്യമില്ലാത്ത ഈ കേസുകളിലും പൾസർ സുനി അതോടെ അറസ്റ്റിലാകും. നടിമാരെ തട്ടികൊണ്ടു പോകുന്നതിന് ക്വട്ടേഷൻ ഇല്ലായിരുന്നു എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടാൻ ഇതും ദിലീപിന് പിടിവള്ളിയാകുമെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

ഇതോടൊപ്പം തന്നെ, നടി ആക്രമിക്കപ്പെട്ട കേസിൽ  ശ്രീലേഖയെ സാക്ഷിയാക്കാനും അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് രംഗത്തു വന്നിരിക്കുന്നത്. വിചാരണ കോടതി ഈ ആവശ്യം അംഗീകരിച്ചാൽ ശ്രീലേഖ ഡി.ജി.പിക്ക് നൽകിയ കത്തും കോടതിയിൽ ഹാജരാക്കേണ്ടി വരും. മാത്രമല്ല, ദിലീപ് പൾസർ സുനിക്കൊപ്പം നിൽക്കുന്നതായ ഫോട്ടോയും വീണ്ടും പരിശോധനക്ക് അയക്കേണ്ടി വരും. ഈ ഫോട്ടോയിൽ കൃത്രിമം നടത്തിയതായാണ്  ശ്രീലേഖ ആരോപിച്ചിരിക്കുന്നത്.ഇതോടെ, നിർണ്ണായക തെളിവായ ഫോട്ടോ  സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കപ്പെടാനാണ് സാധ്യത.

EXPRESS KERALA VIEW

Top