‘സബാഷ് ചന്ദ്രബോസ്’; ചിരിയുടെ മാലപ്പടകമെന്ന് പ്രേക്ഷകർ

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ തിയേറ്ററുകളില്‍ ചിരി നിറക്കുന്നു. സുബാഷ് ചന്ദ്രബോസായി വിഷ്ണുവും രതീന്ദ്രനായി ജോണി ആന്റണിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 1986ലെ നെടുമങ്ങാട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

പണ്ടുകാലത്ത് ചുരുക്കം ചില വീടുകളില്‍ മാത്രമാണ് ടിവിയുണ്ടായിരുന്നത്. അത്തരത്തില്‍ ടിവിയുള്ള ഒരു വീടാണ് രതീന്ദ്രന്റേത്. രതീന്ദ്രന്റെ അയല്‍ക്കാരനാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം. ടിവിയെ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ചന്ദ്രബോസിന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഇതിന് പുറമെ, ജാതിയും തൊഴില്‍ പ്രശ്‌നങ്ങളും സമരവുമെല്ലാം കടന്നുവരുന്നുണ്ട്.
പ്രേക്ഷകരെ മടുപ്പിക്കാത്ത ഒന്നാം പകുതിയും അതിലും മികച്ച രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്ന് പ്രേക്ഷകര്‍ പറയുന്നു. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Top