വിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അവിശ്വാസികള്‍ ഉത്തരം പറയേണ്ടി വരുമെന്ന് തുഷാര്‍

thushar vellapally

ഗുരുവായൂര്‍: വിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന രണ്ട് ശതമാനം മാത്രമുള്ള അവിശ്വാസികള്‍ ഒടുവില്‍ ഉത്തരം പറയേണ്ടി വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗുരുവായൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു, മുസ്‌ളിം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് ഒരിക്കല്‍ ബോധോദയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എത്രയോ കോടി ഹിന്ദുസ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത്. അവരൊന്നും ശബരിമലയില്‍ പോകാന്‍ തയ്യാറാകാതിരുന്നിട്ടും മറ്റു മതങ്ങളിലുള്ളവരെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. പ്രളയത്തിന്റെ ആഘാതത്തില്‍ പെട്ടവരെ സഹായിക്കാന്‍ തയ്യാറാകാതെയാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി ഒരുക്കം നടത്തിയത്. ഇപ്പോള്‍ നിലവിളക്ക് കത്തിക്കാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുവാദം വേണമെന്ന സ്ഥിതിയിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് മാത്രമല്ല, വ്രതമെടുത്ത് ശബരിമലയില്‍ പോകുന്നവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ട്. അവരും പൊലീസ് സ്റ്റേഷനുകളില്‍ ചെന്ന് വരിനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോകണം. ഹിന്ദുക്കള്‍ക്ക് ആരാധിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ഭരണകൂടം. ജെല്ലിക്കെട്ട് തമിഴ്നാട്ടില്‍ തിരിച്ചുകൊണ്ടുവന്നത് എങ്ങനെയെന്ന് ഇവര്‍ തിരിച്ചറിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Top