തീര്‍ത്ഥാടനകാലം പൂര്‍ത്തിയായി; ശബരിമല നടയടച്ചു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ പൂര്‍ത്തിയായതോടെ ശബരിമല നട അടച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് അത്താഴപൂജയോടെ ഭക്തരുടെ ദര്‍ശനം പൂര്‍ത്തിയാക്കി മാളികപ്പുറം മണിമണ്ഡപത്തിനു മുമ്പില്‍ ഗുരുതി നടത്തി. റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാര്‍, ജെ ജയന്‍, രതീഷ്‌കുമാര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് ഗുരുതി നടത്തിയത്.

മാളികപ്പുറത്ത് ഗുരുതി നടത്തിയപ്പോള്‍ മടക്കഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനു നടതുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് അഷ്ടാഭിഷേകം ചെയ്ത് അയ്യപ്പനെ ഒരുക്കി തുടര്‍ന്ന് തിരുവാഭരണവാഹകരെത്തി പ്രാര്‍ത്ഥിച്ച് പേടകം ശിരസിലേറ്റി. ശരണം വിളികളോടെ പതിനെട്ടാംപടി ഇറങ്ങിയ ശേഷമാണ് കൊട്ടാരം പ്രതിനിധി ഉത്രം നാള്‍ പ്രദീപ്കുമാര്‍ വര്‍മ ദര്‍ശനത്തിന് എത്തിയത്. ദര്‍ശനം പൂര്‍ത്തിയായ ശേഷം മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി നട അടച്ചത്.

Top