ശബരിമല ; വാദം നാളെ മുതല്‍ ,പരിഗണനാ വിഷയങ്ങളില്‍ തീരുമാനം വൈകും

ന്യൂഡല്‍ഹി:ശബരിമല കേസില്‍ നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും.

പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാൻ കോടതി നിർദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകർ യോഗം ചേർന്നിരുന്നു.

എന്നാല്‍, അഭിപ്രായ വ്യത്യാസം ഉണ്ടായതിനാല്‍ ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു. പരിശോധനാ വിഷയങ്ങളില്‍ തീരുമാനമായാല്‍ അത് കോടതിയുടെ ഉത്തരവായി നല്‍കും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർച്ചയായി വാദം കേൾക്കുമെന്നും പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബഞ്ചിന് സുപ്രീംകോടതി
കഴിഞ്ഞ ദിവസം വിട്ടിരുന്നു. പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് ഈ തീരുമാനം. മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നങ്ങളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന്‍ പറഞ്ഞു. എന്നാല്‍ നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.

വിശാലബഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

Top