ശബരിമല വിഷയം ‘കത്തിച്ച് നിർത്തി’ കർമ്മസമിതിയുടെ തന്ത്രപരമായ നീക്കം

ബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാതിരിക്കാനുള്ള സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും പ്രതിരോധങ്ങളെ തകര്‍ത്ത് നാമജപവും വീടുകയറിയുള്ള ലഘുലേഖ വിതരണവുമായി ശബരിമല കര്‍മ്മ സമിതി രംഗത്ത്.

‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായാണ് കര്‍മ്മസമിതിയുടെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നില്ലെങ്കിലും ഈ പ്രചാരണം ഗുണം ചെയ്യുക ബിജെപിക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. കര്‍മ്മ സമിതിയുടെ പ്രചാരണത്തില്‍ മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ഹിന്ദുസംഘടനകളുടെയും വിശ്വാസികളുടെയും എതിര്‍പ്പ് മറികടന്നാണ് പൊലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചിരുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അലയടിച്ചത്. കര്‍മ്മസമിതിയും സംഘപരിവാറും ബി.ജെ.പിയും അയപ്പജ്യോതി തീര്‍ത്താണ് പ്രതിഷേധം നടത്തിയത്.

നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ തീര്‍ത്ത് സര്‍ക്കാരും ഇടതുപക്ഷവും ഈ നീക്കങ്ങളെ പ്രതിരോധിക്കാനും ശ്രമിച്ചിരുന്നു.കഴിഞ്ഞ മണ്ഡലകാലത്ത് സ്ത്രീപ്രവേശനത്തിനായി സര്‍ക്കാരും തടയാനായി വിശ്വാസികളും നിലയുറപ്പിച്ചതോടെ ശബരിമലയില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. ശബരിമലയില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ ഇടിവുമുണ്ടായി. എങ്കിലും സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന കടുത്ത നിലപാടിലുമായിരുന്നു. സുപ്രീംകോടതി നിര്‍ദേശം ചൂണ്ടികാട്ടിയായിരുന്നു ഈ നീക്കം.

എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പന്തളം രാജകൊട്ടാരവുമായി ചേര്‍ന്ന് എന്‍.എസ്.എസും ശബരിമല കര്‍മ്മ സമിതിയും സംസ്ഥാന വ്യാപകമായി നാമജപ പ്രതിഷേധങ്ങളും നടത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വരെ നാമജപ പ്രതിഷേധം അരങ്ങേറിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ നേട്ടമായി ചിത്രീകരിച്ച് വനിതാമതില്‍ സംഘടിപ്പിച്ച ഭരണപക്ഷത്തെ പ്രമുഖരും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശബരിമല വിഷയത്തെക്കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

ശബരിമലയെക്കുറിച്ച് മിണ്ടേണ്ടെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. ശബരിമല പ്രചരണവിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസായതിനാല്‍ ചര്‍ച്ചയും സംവാദങ്ങളും ഉണ്ടാകുമെന്ന ശക്തമായ നിലപാടാണ് കര്‍മ്മസമിതിയും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ശബരിമലയുടെ പേരില്‍ ചര്‍ച്ചയാകാം , വോട്ടുപിടിക്കരുതെന്ന് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ തിരുത്തേണ്ടി വന്നിരുന്നു.

ശബരിമലയില്‍ സത്രീപ്രവേശനത്തെ അനുകൂലിക്കുകയും വനിതാ മതില്‍ തീര്‍ക്കാന്‍ ഓടിനടക്കുകയും ചെയ്ത പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പന്തളം കൊട്ടാരത്തില്‍ വരെ പോയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. വിശ്വാസികള്‍ക്കൊപ്പമാണെന്ന് മാവേലിക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറും തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ത്ഥി സി. ദിവാകരനും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇടതുപക്ഷത്തെ ഒരു സ്ഥാനാര്‍ത്ഥിപോലും ശബരിമല സ്ത്രീപ്രവേശനത്തെ ന്യായീകരിക്കാനോ വനിതാമതിലിനെക്കുറിച്ച് സംസാരിക്കാനോ ഇപ്പേള്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലും ശബരിമലയെ ബോധപൂര്‍വ്വം ഇടതുപക്ഷം ഒഴിവാക്കിയിരിക്കുകയാണ്.

അതേസമയം, ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്തിയ വഞ്ചനക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് കര്‍മ്മ സമിതി രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തൊട്ടാകെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ കയറി ലഘുലേഖവിതരണവും തുടങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലും നാമജപ പ്രതിഷേധം നടത്തുന്നുണ്ട്.

ശബരിമല സമരത്തില്‍ പങ്കെടുത്തവരെ കള്ളക്കേസില്‍പെടുത്തി പീഢിപ്പിക്കുന്നുവെന്നാണ് കര്‍മ്മ സമിതിയുടെ ആരോപണം. പുതിയ സമരത്തിനും പ്രചാരണത്തിനും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കര്‍മ്മ സമിതി പറയുമ്പോഴും ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പുവരുത്തലാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം.

പത്തതംതിട്ടയിലും തിരുവനന്തപുരത്തും,തൃശ്ശൂരിലും ബി.ജെ.പിക്കും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിനും കര്‍മ്മ സമിതി വോട്ടുമറിക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിന് ശക്തമാണ്.തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കര്‍മ്മസമിതിയുടെ പ്രചാരണത്തിന് തടയിടാനുള്ള നീക്കമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ജനാധിപത്യപരമായ പ്രചാരണത്തെ തടയാനാവില്ലെന്ന നിലപാടിലാണ് കര്‍മ്മസമിതി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെയടക്കം നിയമോപദേശത്തോടെയാണ് കര്‍മ്മ സമിതിയുടെ പ്രചാരണം.

ഇതോടെ തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും ശബരിമല വിഷയം സജീവ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സെക്രട്ടറിയേറ്റിന് മുന്നിലുള്ള ധര്‍ണ്ണയും മറ്റ് സ്ഥലങ്ങളില്‍ നാമജപ യാത്ര നടത്താനുള്ള നീക്കങ്ങളും എല്ലാം ചൂണ്ടിക്കാണിക്കുന്നതും അത് തന്നെയാണ്.ശബരിമല കര്‍മ്മസമിതി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പരിമിതികളുണ്ട്. കോഴിക്കോട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും വിഷയം സജീവമാക്കി നിര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്.

Top