സന്നിധാനത്ത് ശരണം വിളിക്കാന്‍ പോലും ഭക്തര്‍ക്ക് ഭയം; വിമര്‍ശനവുമായി പൊന്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്ത്ബരിമല ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയില്‍ ഭക്തരെ അകറ്റിയതിന് കാരണക്കാര്‍ ആരാണെന്നും തീര്‍ത്ഥാടകര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സന്നിധാനത്ത് ശരണം വിളിക്കാന്‍ പോലും ഭക്തര്‍ക്ക് ഭയമാണെന്നും സന്നിധാനത്തെ ഉത്തരവാദിത്വം ഏല്‍ക്കുമോയെന്ന എസ്പിയുടെ ചോദ്യം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മാത്രമല്ല ശബരിമല ക്ഷേത്രമെന്നും ശബരിമലയില്‍ നിരോധനാജ്ഞ അനാവശ്യമാണെന്നും രാജ്യത്ത് മുഴുവന്‍ ഭക്തര്‍ക്കും ശബരിമലിയില്‍ എത്താന്‍ സൗകര്യമൊരുക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, നിലയ്ക്കലില്‍ എത്തിയപ്പോള്‍ അദ്ദേഹം എസ്പി യതീഷ് ചന്ദ്രയുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എല്ലാ വാഹനങ്ങളും കടത്തി വിടാത്തതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വാഹനങ്ങള്‍ എല്ലാം കടത്തിവിട്ടാല്‍ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രിയെ എസ്പി അറിയിച്ചത്. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞിരുന്നു.

Top