ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍; യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എസ്പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയില്‍ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി എടുത്തിരിക്കുന്നത്.

മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വാക്കു തര്‍ക്കമുണ്ടായത്.

കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്ന് യതീഷ് ചന്ദ്ര മറുപടി നല്‍കിയിരുന്നു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Top