ഉച്ചക്ക് തൃപ്തി ദേശായി കൊച്ചിയിൽ, കേരളം മുൾ മുനയിൽ !

കൊച്ചി: ശബരിമല സന്ദര്‍ശത്തിനായി വെള്ളിയാഴ്ച ഉച്ചക്ക് തൃപ്തി ദേശായി കൊച്ചിയിലെത്തും. സംഘപരിവാര്‍ ചാനലായ ജനം ടിവിയോടാണ് അവര്‍ യാത്രാ വിവരം വെളിപ്പെടുത്തിയത്.

വെളളിയാഴ്ച കൊച്ചിയില്‍ തങ്ങിയ ശേഷം ശനിയാഴ്ച ശബരിമലയിലെത്തുമെന്നാണ് ജനം ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചക്ക് ശേഷം 3.30ന് എത്തുമെന്ന് പറഞ്ഞ ജനം ലേഖകന്‍ തന്നെ അവര്‍ വെള്ളിയാഴ്ച രാവിലെ എത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തിനും തയ്യാറായി ശബരിമലയിലെത്തുവാന്‍ ശ്രമിക്കുന്ന തൃപ്തി ദേശായി കേരളത്തെ സംഘര്‍ഷഭരിതമാക്കുമെന്ന ആശങ്ക പരക്കെ ഉയര്‍ന്നിട്ടുണ്ട്.

തടയാന്‍ സംഘപരിവാറും അയ്യപ്പ വിശ്വാസികളും തയ്യാറായി നില്‍ക്കുകയാണ്. പൊലീസ് ആകട്ടെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ തന്ത്രപരമായ മൗനം തുടരുകയാണ്.

സുപ്രീം കോടതി വിധി നടപ്പാക്കിയില്ലങ്കില്‍ കോര്‍ട്ടലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നുണ്ട്.

പ്രതിഷേധം ഭയന്ന് തിരിച്ച് പോവില്ലന്ന നിലപാട് സ്വീകരിച്ച തൃപ്തിക്ക് അവര്‍ ആവശ്യപ്പെട്ടതിനാല്‍ പൊലീസിന് സംരക്ഷണം നല്‍കേണ്ടി വരും.

അതീവ രഹസ്യമായി വേഷം മാറ്റി ഇവരെയും സംഘത്തെയും ശബരിമലയിലെത്തിച്ചാല്‍ തന്നെ തിരികെയുള്ള മലയിറക്കവും വലിയ വെല്ലുവിളിയാണ്. വന്‍ പൊലീസ് സന്നാഹമാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.

Top