ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കും; പരിഹാസ രൂപേണ അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളെ കുറിച്ച് വിവരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഇടതുപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രത്യേകിച്ച് പിണറായി വിജയനും കാനം രാജേന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും വ്യത്യസ്ത നിലപാടുകളാണ് കൈക്കൊളളുന്നതെന്നും ഈ അവസരത്തില്‍ ശബരിമല ശാസ്താവിനെ യുവതികളുടെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്ത് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതാചാരങ്ങളില്‍ തൊട്ടു കളിക്കരുത് എന്നാണ് അനാദി കാലം മുതല്‍ പാര്‍ട്ടിയുടെ നയം. ഗ്രൂപ്പ് വൈരം മറന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പളളിയും ചെന്നിത്തലയും മുരളീധരനും സുധാകരനും ഇപ്പോള്‍ രംഗത്തിറങ്ങിയതെന്നും അഡ്വ. ജയശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ യു.ഡി.എഫിലെ ഘടക കക്ഷികളും ഇതേ അഭിപ്രായക്കാരാണ് മാണിസാറും ജോണി നെല്ലൂരും പണ്ടു മുതലേ അയ്യപ്പ ഭക്തരാണ്. ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ഫേസ്ബുക്കിലൂടെ അഡ്വ. ജയശങ്കര്‍ പരിഹാസ രൂപേണ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായി വിജയനും കാനം രാജേന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോൾ, ആർഎസ്എസും ബിജെപിയും വ്യത്യസ്ത നിലപാടുകൾ കൈക്കൊളളുമ്പോൾ, ശബരിമല ശാസ്താവിനെ യുവതികളുടെ കടന്നാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസ് മുന്നോട്ടു വരികയാണ്.

മതാചാരങ്ങളിൽ തൊട്ടു കളിക്കരുത് എന്നാണ് അനാദി കാലം മുതൽ പാർട്ടി നയം. യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലവും ദേവസ്വം ബോർഡിന്റെ നിലപാടും അതുതന്നെ ആയിരുന്നു. നിരീശ്വരവാദികൾ അധികാരം പിടിച്ചതുകൊണ്ടാണ് ഇപ്പോൾ വിപരീത വിധി ഉണ്ടായിട്ടുളളത്.

ആദ്യഘട്ടത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ മുല്ലപ്പളളിയും ചെന്നിത്തലയും മുരളീധരനും സുധാകരനും ഗ്രൂപ്പ് വ്യത്യാസം മറന്നു കളത്തിലിറങ്ങി.

സഖാവ് ഷിബു ബേബി ജോൺ ആദ്യം തന്നെ വിധിയോടു വിയോജിപ്പ് രേഖപെടുത്തി. റിവ്യൂ ഹർജി കൊടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബും ആവശ്യപ്പെട്ടു. മാണിസാറും ജോണി നെല്ലൂരും പണ്ടു മുതലേ അയ്യപ്പ ഭക്തരാണ്. അടുത്ത ഘട്ടത്തിൽ ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കും.

സ്വാമിയേ ശരണമയ്യപ്പ!

Top