ക്രമസമാധാന പ്രശ്‌നം ; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

പത്തനംതിട്ട : പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി തുടങ്ങി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു.

ശരണം വിളികളുമായെത്തിയ പ്രതിഷേധക്കാരാണു യുവതികളെ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടില്‍ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി. കനത്ത പൊലീസ് സുരക്ഷയിലാണു യുവതികള്‍ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവര്‍ക്ക് പൊലീസ് സുരക്ഷ നല്‍കുകയായിരുന്നു.

ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണു യുവതികള്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്. മലയിറങ്ങി വന്ന വിശ്വാസികളാണു യുവതികളെ തടഞ്ഞത്. വലിയ തോതിലുള്ള നാമജപ പ്രതിഷേധമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു. അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്.

Top