ശബരിമലയില്‍ 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റതിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ സത്യവാങ് മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.

അതേസമയം ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന സംസ്ഥാനസര്‍ക്കാര്‍ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നതെന്ന് ഇത്തരത്തില്‍ സര്‍ക്കാര്‍ കള്ളം പറയുന്നതിനല്ലേ ഫാസിസത്തിന്റെ കുളമ്പടി ശബ്ദമെന്ന് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണ്. ശ്രീലങ്കന്‍ യുവതിയുടെ കാര്യത്തില്‍ പിണറായി വിജയന് തെറ്റു പറ്റിയതാവാമെന്നാണ് പലരും പറഞ്ഞത് എന്നാല്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്നത് അങ്ങനെയല്ല. പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Top