ശബരിമല വിഷയം വോട്ടര്‍മാരെ ഓര്‍മപ്പെടുത്താന്‍ പ്രചാരണ പരിപാടി തുടങ്ങി: ടി.പി. സെന്‍കുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ നടന്ന പ്രശ്‌നങ്ങള്‍ വോട്ടര്‍മാരെ ഓര്‍മപ്പെടുത്താന്‍ വേണ്ട പ്രചാരണ പരിപാടി തുടങ്ങിയതായി ശബരിമല ആക്ഷന്‍ കൗണ്‍സില്‍ ദേശീയ ഉപാധ്യക്ഷന്‍ ടി.പി.സെന്‍കുമാര്‍. സുപ്രീംകോടതി വിധി പഠിക്കാതെയാണു സര്‍ക്കാര്‍ നടപ്പാക്കിയത്. ആക്ടിവിസ്റ്റുകളെ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തില്‍ എത്തിച്ചു വിശ്വാസം തകര്‍ക്കാന്‍ കോടതി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ധാഷ്ട്യമാണ് ഇവിടെ കണ്ടത്. തിരഞ്ഞെടുപ്പു കാലത്ത് ഇത് ഓര്‍മപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍മസമിതിയുടെ ബോര്‍ഡുകള്‍ വിലക്കിയിട്ടില്ല. എന്നാല്‍ ഒരു ജില്ലയില്‍ ബോര്‍ഡുകള്‍ മുഴുവന്‍ മാറ്റി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ശബരിമലയുടെ പേരില്‍ സര്‍ക്കാരിന്റെ പീഡനം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് കെ.സുരേന്ദ്രനാണ്. അതിനാല്‍ സുരേന്ദ്രന്റെ വിജയത്തിനായി ലക്ഷക്കണക്കിനു ചൗക്കിദാര്‍മാര്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ മുക്കിയ പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പിരിച്ചു. പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഈ പണം എവിടെ പോയി എന്നു ജനങ്ങള്‍ അറിയണം. അതേസമയം, സേവാഭാരതി ഇതിനോടകം 352 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Top