അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരു കേസില്‍ ഒരു വര്‍ഷത്തേക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി.

അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതിയില്‍ ഒരു കേസിലും ഹാജരാകാന്‍ സാധിക്കില്ല. കോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കടുത്ത നടപടി. മാത്യു നെടുമ്പാറ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോള്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായ രോഹിന്‍ടണ്‍ നരിമാനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

നെടുമ്പാറയ്ക്ക് കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ കോടതി വിധിച്ചെങ്കിലും ഇത് കോടതി തല്‍ക്കാലം മരവിപ്പിച്ചു. സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഇല്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.

Top