ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്‌

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍.

സുപ്രീം കോടതിയിലെ കേസ് നടപടികള്‍ക്ക് അഡ്വ.മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തുമെന്നും നിലവില്‍ 25 റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയാണെന്നും എന്നാല്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നത് ഹൈക്കോടതിയാണെന്നും അതിനാല്‍ തന്നെ ശബരിമല വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് യോഗത്തില്‍ നിന്നും എ രാഘവന്‍ വിട്ടു നിന്നത് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണെന്നും ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിശ്വാസത്തെ ബാധിക്കാത്ത തരത്തില്‍ എല്ലാവരും മുന്നോട്ടു പോകണമെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റുകള്‍ ശബരിമലയിലേയ്ക്കു പോകരുതെന്നത് പാര്‍ട്ടിയുടെ നിലപാട് അല്ലെന്ന് കടകംപള്ളിയെ തള്ളിയും കോടിയേരി വ്യക്തമാക്കിയിരുന്നു.

സമരം രാഷ്ട്രീയ സമരമായി മാറിയെന്നും കോണ്‍ഗ്രസ്സും ബിജെപിയും സമരത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്നും മതപരമായ ചേരിതിരിവ് ഉണ്ടാക്കരുതെന്നും വിഷയത്തില്‍ എന്തു കൊണ്ട് കോണ്‍ഗ്രസ്സും ബിജെപിയും റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

കോടതിയില്‍ കേസ് നടന്നപ്പോള്‍ ബിജെപിയോ കോണ്‍ഗ്രസ്സോ എതിര്‍ത്തില്ലെന്നും വിശ്വാസവും അവിശ്വാസവും തമ്മില്‍ സംഘര്‍ഷമുണ്ടാക്കരുതെന്നും ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും പ്രവേശനം അനുവദിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top