ശബരിമല സ്ത്രീപ്രവേശനത്തില്‍ അച്ഛനും മകനും രണ്ടു തട്ടില്‍ തന്നെ; ലക്ഷ്യം ലാഭം മാത്രമോ!

amitshah-vellappally

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി നേതൃത്വം. സമരത്തിന് പിന്തുണ തേടി അമിത് ഷായുടെ ക്ഷണം നിരസിച്ച് വെള്ളാപ്പള്ളി ലക്ഷ്യം വെക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മനസ്സില്‍ ഇടനേടാനുള്ള തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ശിവഗിരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വേദിയിലുണ്ടായിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശബരിമല വിഷയത്തില്‍ സമരത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്നലെ പ്രതികരിക്കാതിരുന്ന എസ്എന്‍ഡിപി നേതൃത്വം അമിത് ഷായുടെ ക്ഷണത്തെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തുന്നത് വളരെ കരുതലോടെയാണ്. സുപ്രീംകോടതി വിധി മാനിക്കാന്‍ തയ്യാറാകണമെന്ന നിലപാടിലാണ് വെള്ളാപ്പള്ളി. അതുകൊണ്ടാണ്‌ സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെ പിണക്കരുതെന്ന നയവും എസ്എന്‍ഡിപി നേതൃത്വം വെച്ചു പുലര്‍ത്തുന്നു. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് എസ്എന്‍ഡിപിയ്ക്ക് ഊരിപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിണക്കാണ്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപി നേതൃത്വം സമദൂരം പാലിച്ച് ശബരിമല വിഷയത്തില്‍ മുന്നോട് പോകുന്നതെന്നും ആണ് വിലയിരുത്തല്‍.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ്സ് സമരത്തിനിറങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ട എന്ന നയമാണ് സ്വീകരിക്കുന്നത്. എന്‍ഡിഎ യോഗം പോലും ചേരാതെ പി.എസ്.ശ്രീധരന്‍പിള്ള പ്രഖ്യാപിച്ച ശബരിമല സംരക്ഷണയാത്രയില്‍ ബിഡിജെഎസ് അണിചേരുകയും ചെയ്തു. രണ്ടാംഘട്ട പ്രക്ഷോഭം ഒറ്റയ്ക്ക് ആരംഭിക്കാന്‍ സംസ്ഥാന ബിജെപി ഘടകം തയ്യാറെടുത്തപ്പോഴാണ് അമിത് ഷാ എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും യോജിച്ചുള്ള സമരത്തിന് ക്ഷണിച്ചത്. എന്നാല്‍ കന്ദ്രസര്‍ക്കാരിന്റെ സഹായങ്ങളില്‍ കൂടുതല്‍ കണ്ണുംനട്ടാണ് ബിഡിജെഎസ്സ് ഈ നീക്കം നടത്തുന്നതെന്നും വ്യക്തമാണ്.

അതുകൊണ്ട് തന്നെ തുഷാര്‍ കേന്ദ്രത്തെ പിണക്കുകയില്ല. അതേസമയം അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിലെ പ്രസംഗത്തില്‍ എന്‍എസ്എസ്സ് മൗനം തുടരുകയാണ്. സമരരംഗത്തുള്ള എന്‍എസ്എസ് ബിജെപിയുമായി സഹകരിച്ച് സമരം നടത്തുന്നതില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ എന്‍എസ്എസ് ഇക്കാര്യത്തില്‍ എന്ത് നിലാപാടാണ് തുറന്നടിക്കുകയെന്നതാണ് ഇനി രാഷ്ട്രീയ കേരളം നോക്കി കാണുന്നത്.

Top