ശബരിമല നിലപാടില്‍ പിന്നോട്ടില്ല ; ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി : ശബരിമല നിലപാടില്‍ പിന്നോട്ടില്ലന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരുനിലപാടില്ലന്നും പി.ബി വിലയിരുത്തി. സുപ്രീംകോടതി വിധിയില്‍ വ്യക്തത വേണമെന്നും നിയമോപദേശം തേടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ഇതിനിടെ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നവോത്ഥാന സമിതി രംഗത്ത് വന്നിരുന്നു. യുവതിപ്രവേശത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ കൂടിയായ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലെ നല്ലവശങ്ങള്‍ ഉള്‍കൊള്ളുന്നെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

അതേസമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്, സ്ത്രീ-പുരുഷ സമത്വമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടിയേറ്റും നിലപാട് അറിയിച്ചിരുന്നു. അതത് കാലങ്ങളിലുണ്ടാകുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇപ്പോഴത്തെ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വിധിയില്‍ ആശയ വ്യക്തതവരുത്തി സര്‍ക്കാര്‍ ഭൂരിപക്ഷ വിധി നടപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വരുന്നവരെ ഈ തീരുമാനം നിരാശപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചു.

1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വ്വഹിച്ചതെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്നും പ്രസ്താവനയില്‍ സിപിഎം വ്യക്തമാക്കിയിരുന്നു.

Top