ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ വീണ്ടും എത്തി; മടക്കിയയച്ചതായി പൊലീസ്

sabarimala

നിലയ്ക്കല്‍: വീണ്ടും ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. യുവതികളെ മടക്കിയയച്ചതായി പൊലീസ് വ്യക്തമാക്കി. ഇരുവരും ബുധനാഴ്ചയും മലകയറാനെത്തിയിരുന്നു. അന്ന് യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഇവര്‍ ശബരിമല കയറാന്‍ നിലയ്ക്കല്‍ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു.

പിന്നീട് ഇവരെ പൊലീസ് വാഹനത്തില്‍ നിലയ്ക്കലില്‍നിന്ന് മാറ്റി. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്നും കൂടിയാണ് ഈ സീസണില്‍ ഭക്തന്മാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.

Top