ശബരിമല ദര്‍ശനത്തിനു വീണ്ടും യുവതികള്‍ എത്തി; പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞു

ശബരിമല: ശബരിമല ദര്‍ശനം നടത്താനെത്തിയ 2 യുവതികള്‍ക്ക് നേരെ പ്രതിഷേധം. രേഷ്മാ നിഷാന്ത്, സിന്ധു എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. ഇവരെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്നു മുന്നോട്ടു പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പിന്‍മാറാന്‍ തയാറല്ലെന്ന് ഇവര്‍ പൊലീസിനെ നിലപാട് അറിയിച്ചു. വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്ന് ഇവര്‍ പറയുന്നു. സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി.

എന്നാല്‍ നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. യുവതികളെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. യുവതികള്‍ക്കുനേരെ പ്രതിഷേധിച്ച അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top