ശബരിമലയില്‍ സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു

SABARIMALA

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ തന്ത്രികുടുംബാംഗങ്ങളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

നിലയ്ക്കലില്‍ മാധ്യമസംഘത്തിന് നേരെയും കൈയ്യേറ്റം നടന്നിരുന്നു. ശബരിമലയില്‍ റിപ്പബ്ലിക് ചാനലിന്റെ വാഹനം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനലിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Top