ശബരിമല സ്ത്രീ പ്രവേശനം : എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ്

sukumaran-nair

ചങ്ങനാശേരി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എന്‍എസ്എസ്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യ്ക്തമാക്കി.

അതേസമയം, സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോര്‍ഡ് നിയമത്തിന് വിധേയമാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മൂന്‍കരുതലുകള്‍ സര്‍ക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. യങ് ലോയേഴ്‌സ് അസോസ്സിയേഷനാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്.

Top