ശബരിമല: സ്വകാര്യ ബില്ലിന് അനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് പ്രേമചന്ദ്രന്‍ എം.പി.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം തടയാനായി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത് പ്രാഥമിക വിജയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സ്വകാര്യബില്ലിന് അവതരണാനുമതി ലഭിച്ചത് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യബില്ലിന് നിലവില്‍ അവതരണാനുമതി മാത്രമാണ് ലഭിച്ചത്. പ്രാഥമികഘട്ടത്തില്‍തന്നെ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. സ്വകാര്യബില്ലുകള്‍ പലപ്പോഴും നിയമങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ നിയമങ്ങള്‍ക്ക് വഴിതുറന്നിരുന്നു- പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്പെഷ്യല്‍ പ്രൊവിഷന്‍ ) ബില്‍ 2019 എന്ന പേരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. സ്ത്രീ പ്രവേശനത്തിലൂടെ ശബരിമല ക്ഷേത്രത്തിലുണ്ടായിരിക്കുന്ന ആചാരാനാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നതാണു ബില്ലിന്റെ ഉള്ളടക്കം.

Top