കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് ആർ.എസ്.എസ് മേധാവി ഇടപെടുമോ ?

ബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തിക്കാന്‍ ആര്‍.എസ്.എസ് മേധാവിയെ ഇടപെടുവിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ നീക്കം. ഇതിനായി കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വത്തെ ഉപയോഗപ്പെടുത്തി ശക്തമായ സമ്മര്‍ദ്ദമാണ് അണിയറയില്‍ നടക്കുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വരെ തീരുമാനിക്കാന്‍ ശേഷിയുള്ള മോഹന്‍ ഭാഗവതിലാണ് സകല പ്രതീക്ഷയും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം ഉടനില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത് ശബരിമല കര്‍മ്മസമിതിയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റുകൂടിയായ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ പ്രതികരണത്തില്‍ തന്നെ ഇതു വ്യക്തമായിരുന്നു. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകുമെന്നും അത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാലാണ് നിയമമന്ത്രി ഇത്തരം അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല കര്‍മ്മസമിതി ദേശീയ രക്ഷാധികാരി കൂടിയായ അമൃതാനന്ദമയിയും നിയമനിര്‍മ്മാണം വേണമെന്ന നിലപാടിലാണ്. സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കളും ഈ നിലപാടില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം അസാധ്യമാണെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി മൗലീകാവകാശമാണെന്നു വിധിച്ച കാര്യത്തില്‍ നിയമനിര്‍മ്മാണം അസാധ്യമാണെന്നാണ് വാദം. ഈ വാദം ശരിയാണെങ്കില്‍ സുപ്രീംകോടതിയിലെ കേസ് വേഗത്തിലാക്കാനും അനുകൂലമായ വിധി സമ്പാദിക്കാന്‍ ഇടപെടല്‍ നടത്താനും കേന്ദ്രം തയാറാകണമെന്നാണ് ആര്‍.എസ്.എസ് കേരള ഘടകം ആഗ്രഹിക്കുന്നത്.

ശബരിമല വിഷയത്തില്‍ മുന്‍പ് നിലപാട് തിരുത്തി കേരള ഘടകത്തിന്റെ നിലപാടിനൊപ്പം ഉറച്ച് നിന്ന മോഹന്‍ ഭാഗവതിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഭാഗവത് ഇടപെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ശബരിമല കര്‍മ്മസമിതി നേതാക്കളും കരുതുന്നത്. ഉടന്‍ നിയമനിര്‍മ്മാണം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് എന്‍.എസ്.എസ് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കര്‍മ്മസമിതിയെ ശക്തമായി പിന്തുണച്ച സംഘടനയാണ് എന്‍.എസ്.എസ്. അയ്യപ്പ ജ്യോതിയും നാമജപ പ്രതിഷേധറാലിയും വന്‍ വിജയമാക്കാന്‍ എന്‍.എസ്.എസ് പങ്കാളിത്വം കര്‍മ്മസമിതിക്ക് ഗുണം ചെയ്തിരുന്നു.

എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നായിരുന്നു ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നത്. ഇത് പാലിക്കപ്പെടണമെന്നതാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ സംഘപരിവാര്‍ അണികള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. വാക്ക് മാറ്റുന്നത് വലിയ തിരിച്ചടിയാകുമെന്ന് ബി.ജെ.പി നേതാക്കളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ പോയവരും പൊലീസിന്റെ മര്‍ദ്ദനമേറ്റവരും കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാടില്‍ നിരാശരാണ്. അതേസമയം കേന്ദ്ര നിയമമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്ന ശ്രീധരന്‍പിള്ളയുടെ നിലപാട് പരിവാര്‍ അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന നിലപാട് ശ്രീധരന്‍പിള്ള സ്വീകരിക്കണമായിരുന്നു എന്ന നിലപാടാണ് സംഘപരിവാറിലുള്ളത്. ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാല, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. ഈ പ്രതീക്ഷകള്‍ക്ക് മേലാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നിലപാട് ആശങ്ക വിതച്ചിരിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് യു.ഡി.എഫും ഇടതുപക്ഷവും ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ശബരിമലയില്‍ നിലവിലെ അവസ്ഥ തുടരണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ബില്ല് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചരണം. കേന്ദ്ര സര്‍ക്കാറിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണമായിരുന്നു എന്നാണ് അവരുടെ വാദം. എന്നാല്‍ ഈ ബില്ലിനോട് മുഖം തിരിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരുന്നത്.

ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ ബില്‍ 2019. നറുക്കെടുപ്പില്‍ തഴയപ്പെട്ടതിനാല്‍ ഈ സ്വകാര്യബില്‍ ഇതുവരെ സഭ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് സഭാധ്യക്ഷയായ മീനാക്ഷി ലേഖി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലുമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണവും വിവാദമായിരുന്നു. പ്രേമചന്ദ്രന്‍ തന്നെയാണ് മീനാക്ഷി ലേഖിയ്‌ക്കെതിരേ രംഗത്തു വന്നിരുന്നത്. ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം.

ബി.ജെ.പിയുടെ ഈ മലക്കം മറിച്ചിലും ഇപ്പോള്‍ നിയമനിര്‍മ്മാണം ഇല്ലെന്നു പറഞ്ഞതും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രധാന പ്രചരണ ആയുധമാക്കാനാണ് അവരുടെ തീരുമാനം. ഇടതുപക്ഷത്തെ സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാട് നല്ലൊരു ആയുധമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന് പോലും ബോധ്യപ്പെട്ടത് എന്തുകൊണ്ടാണ് സംസ്ഥാനത്തെ പരിവാറുകാര്‍ക്ക് ബോധ്യപ്പെടാത്തത് എന്നതാണ് അവരുടെ ചോദ്യം. സുപ്രീം കോടതി ഉത്തരവിനെ സംസ്ഥാന സര്‍ക്കാര്‍ മാനിച്ചപ്പോള്‍ അത് വിവാദമാക്കിയ സംഘപരിവാര്‍ നേതൃത്യം ഇപ്പോഴത്തെ കേന്ദ്ര നിലപാടില്‍ എന്തു പറയുന്നു എന്നാണ് ഇടതുപക്ഷം ചോദിക്കുന്നത്. ശബരിമല വിഷയത്തില്‍ സംസ്ഥാന വ്യാപകമായി സംഘര്‍ഷമുണ്ടാക്കിയ സംഘപരിവാര്‍ അണികളുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം ആഞ്ഞടിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് പോയ വോട്ടുകള്‍ തിരികെ ഇടതുപക്ഷത്തേക്ക് എത്താന്‍ ഈ നിലപാട് മാറ്റം കാരണമാകുമെന്നാണ് ചെമ്പടയുടെ കണക്ക് കൂട്ടല്‍. വിജയിച്ചില്ലെങ്കിലും പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍, പാലക്കാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വലിയ രൂപത്തില്‍ വോട്ട് സമാഹരിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത് ശബരിമല വിഷയം ഉയര്‍ത്തി പിടിച്ചത് കൊണ്ടു മാത്രമായിരുന്നു എന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20ല്‍ 19 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതും ശബരിമല വിഷയം ഉപയോഗപ്പെടുത്തിയത് കൊണ്ടാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാര്‍ വിതച്ചത് യു.ഡി.എഫ് കൊയ്തു എന്നാണ് സി.പി.എം ഉന്നത നേതാക്കള്‍ പോലും യു.ഡി.എഫ് വിജയത്തോട് പ്രതികരിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കടന്നാക്രമിക്കാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെയും തീരുമാനം.

Political Reporter

Top