ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി

mm mani

കൊട്ടാരക്കര: ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നൂറുകണക്കിന് സ്ത്രീകള്ളാണ് ദര്‍ശനം നടത്തിയതെന്നും ഇനിയും നടത്തുമെന്നും മന്ത്രി എംഎം മണി. ആവശ്യമെങ്കില്‍ പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും പി.അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മണി വ്യക്തമാക്കി.

സിപിഎം മുന്‍കൈയെടുത്ത് അല്ല ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത്. അന്‍പതിനായിരം സ്ത്രീകളെ വേണമെങ്കില്‍ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയുമെന്നും തടയാന്‍ ഒരുത്തനും വരില്ലെന്നും
പക്ഷേ അതു സിപിഐഎമ്മിന്റെ പണിയല്ലെന്നും താല്‍പര്യമുള്ളവര്‍ ശബരിമലയില്‍ പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

ശബരിമല അയ്യപ്പന്‍ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി. ദേവസ്വം ബോര്‍ഡാണ് നിയമിച്ചത്. സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണെന്നും ലൗകീക ജീവിതം നയിക്കുന്ന വ്യക്തിയാണ് തന്ത്രിയെന്നും എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും, ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറവും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top