ശബരിമല യുവതി പ്രവേശനം: മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി

sabarimala

തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടേത് എന്ന പേരില്‍ പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ യുവതികള്‍ 17 പേര്‍ മാത്രം. നിലവിലെ പട്ടികയില്‍നിന്ന് 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ശുപാര്‍ശചെയ്തു.

സര്‍ക്കാര്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നാലു പുരുഷന്‍മാരും 50 വയസ്സിനുമേല്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങുന്നതാണ് സമിതി.

കോടതിയില്‍ നല്‍കുന്നതിന് പട്ടിക തയ്യാറാക്കാന്‍ കാട്ടിയ തിടുക്കവും കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 51 യുവതികള്‍ മലകയറിയെന്ന് കാട്ടിയാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. ഇവരുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങള്‍ വിളിച്ചന്വേഷിപ്പിച്ചപ്പോള്‍ പലരും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. പുരുഷന്‍മാര്‍ ഉള്‍പ്പെട്ടതും പുറത്തായി. ആധാര്‍, ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നിട്ടും പരിശോധിച്ച് ഉറപ്പുവരുത്താന്‍ അധികൃതര്‍ മെനക്കെടാതിരുന്നതാണ് പട്ടികയിലെ തെറ്റിദ്ധാരണയ്ക്ക് കാരണം.

Top