ശബരിമലയിലേക്ക് യുവതികള്‍ വരേണ്ടെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല : പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്നു പറയാന്‍ ഒരു മന്ത്രിക്കും കഴിയില്ലെന്നും സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതുകൊണ്ടാണ്. ദര്‍ശനം നടത്താനെത്തിയ യുവതികള്‍ സ്വയം മടങ്ങിപ്പോകുകയായിരുന്നു. ദര്‍ശനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും പൊലീസ് ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1949ലാണ് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ മണ്ഡല മകരവിളക്കിന് മാത്രമേ ശബരിമല നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍ നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. തിരക്ക് കുറയ്ക്കാം. ഇക്കാര്യത്തിലൊന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top