ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് എന്‍എസ്എസ്

sabarimala

പെരുന്ന: ശബരിമല സ്ത്രീപ്രവേശന വിശയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ നിരാശാജനകമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് എന്‍എസ്എസ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുകയാണ്. വിധിക്കെതിരേ സ്വന്തം നിലയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും എന്‍എസ്എസ് അറിയിച്ചിട്ടുണ്ട്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് റിവ്യൂ ഹര്‍ജി വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. അതിനാല്‍ പുനപരിശോധന ഹര്‍ജി കൊടുത്താലും വിധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കോടതി എന്ത് പറഞ്ഞുവോ അത് ചെയ്യുക എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top