ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര്‍ എത്തി ദര്‍ശനം നടത്തിയെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര്‍ എത്തി ദര്‍ശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വച്ചാണ് സുപ്രീംകോടതിയില്‍ 51 യുവതികള്‍ കയറിയെന്ന് അറിയിച്ചതെന്നും എന്നാല്‍ അതില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയെന്നുള്ളതാണ് വസ്തുതയെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്നിടത്തോളം ശബരിമലയില്‍ പോകാന്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ അവകാശമില്ലേയെന്നും അത് ആര്‍ക്കെങ്കിലും തടയാന്‍ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.

അതേസമയം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കണക്കിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് മാത്രമേ അറിയൂ എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങളൊന്നുമില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top