ശബരിമല തിരിച്ചടിയായി; തുറന്ന് സമ്മതിച്ച് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

കോഴിക്കോട്:ശബരിമല യുവതീപ്രവശനം ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് സി.പി.എം. പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സി.പി.എം ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ടുപിടിക്കേണ്ടത് മാത്രമല്ല, തിരുത്തേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിതാമതില്‍ ഉള്‍പ്പെടെയുള്ള ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി മാറിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതില്‍ പരാജയപ്പെട്ടു.

വനിതാമതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പി.യും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി. സര്‍ക്കാര്‍ വരുമെന്ന ഭയം മതനിരപേക്ഷ മനസുകളില്‍ യു.ഡി.എഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഇതിന് ആക്കംകൂട്ടി.

സി.പി.എമ്മിന്റെ തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍,പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി. യു.ഡി.എഫിന് വോട്ട് മറിച്ചു.

രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം വിജയിപ്പിക്കുന്നതില്‍ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചെന്നും എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയ അക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകില്ലെന്നത് പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള സംഘടനാപ്രവര്‍ത്തനം ആവശ്യമാണെന്നും ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചക്ക് ശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലിന് ആഹ്വാനം ചെയ്യുന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തി.

Top