ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസ്; കൊല്ലം തുളസിക്ക് ജാമ്യം

കൊല്ലം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസിക്ക് ജാമ്യം അനുവദിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ കൊല്ലംതുളസിയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ചവറ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങി. ഒക്ടോബര്‍ 12ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വെച്ചായിരുന്നു വിവാദ പ്രസംഗം നടത്തിയത്.

തുടര്‍ന്ന് കൊല്ലം തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ തന്റെ ചികിത്സാരേഖകള്‍ ഹാജരാക്കിയ കൊല്ലം തുളസി ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

കൊല്ലം ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ചവറ പൊലീസ് കേസ് എടുത്തത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗത്തില്‍ കൊല്ലം തുളസി വിമര്‍ശിച്ചത്.

Top