ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി മൗനംവെടിയണമെന്ന് ജിഗ്‌നേഷ് മേവാനി

jignesh mevani

കാസര്‍ഗോഡ് : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് അര്‍എസ്എസിന്റെയും ബിജെപിയുടേയും വിവരമില്ലായ്മയാണു കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.

സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും മേവാനി ചോദിച്ചു. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറയുന്ന ബിജെപി ശബരിമലവിഷയത്തില്‍ കോടതി വിധി അംഗീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top